May 05, 2025 12:45 PM
മാനവസേവ മാധവസേവ എന്ന ആപ്തവാക്യം കർമ്മത്തിലൂടെ തെളിയിച്ചുകൊണ്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സേവാഭാരതി എന്ന് ബഹു.കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദേശീയ സേവാഭാരതി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ പൂഞ്ഞാർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ രണ്ട് വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വസുദൈവ കുടുംബകം എന്ന ആപ്തവാക്യം ആണ് സേവാഭാരതിയുടേത്. സഹജീവികളെ സഹായിക്കുക എന്നത് സമൂഹത്തിന്റെ കടമയാണ്. ഈ കടമയാണ് സേവാഭാരതി നിർവ്വഹിക്കുന്നത്. ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും, സമൂഹത്തിന് സഹായം ആവശ്യമുള്ളപ്പോഴും സർവ്വതും മറന്ന് സേവനം ചെയ്യുന്ന സേവാഭാരതിയുടെ പ്രവർത്തനം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സേവാഭാരതി പൂഞ്ഞാർ യൂണിറ്റ് പ്രസിഡന്റ് എ എൻ ഹരികുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പ്രതിനിധികളായ ഡോ. ജോർജ് സ്ലീബാ, എസ് എം വിനോദ് എന്നിവർ മംഗളപത്ര സമർപ്പണം നടത്തി. ആർ എസ് എസ് വിഭാഗ് സംഘചാലക് പി പി ഗോപി സേവാ സന്ദേശം നൽകി, സ്വാമി ദർശനാനന്ദ സരസ്വതി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, പി ശ്രീജിത്ത് മാസ്റ്റർ, കെ ജി രാജേഷ്, പി ആർ രാജേന്ദ്രൻ, റ്റി എസ് രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു