Pier Goodman
PARTY SECRETERY
Do you face issue campaign
15%
Is candidate perfect for you
75%
Is candidate have any claim
05%
I have no comments
35%
Vote Now

തലചായ്ക്കാനൊരിടം- കോട്ടയം അയ്മനം പഞ്ചായത്തിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം

Mar 10, 2026 04:47 PM

കോട്ടയം : സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന “തലചായ്ക്കാനൊരിടം” പദ്ധതിയുടെ ഭാഗമായി, കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിൽ പരേതനായ ശ്രീ വിശ്വനാഥന്റെ കുടുംബത്തിനായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം 23/02/2026 രാവിലെ നടന്നു.  സേവാഭാരതി അയ്മനം പ്രസിഡന്റ് ശ്രീമതി അനിത മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു. പരേതനായ ശ്രീ വിശ്വനാഥന്റെ മകൾ കുമാരി ജ്യോതിക വിശ്വനാഥ് കേന്ദ്രമന്ത്രിയിൽ നിന്ന് താക്കോൽ ഏറ്റുവാങ്ങി. സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷ ഡോ. ജയലക്ഷ്മി അമ്മാൾ മംഗളപത്രം സമർപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത കാര്യകാരി സദസ്യൻ അഡ്വ. എൻ. ശങ്കർ റാം സേവാസന്ദേശം നൽകി. രണ്ട് പെൺമക്കൾക്ക് സുരക്ഷിതമായ ഒരു വീട് ഒരുക്കണമെന്ന ശ്രീ വിശ്വനാഥന്റെ ദീർഘകാല സ്വപ്നം കാൻസർ രോഗബാധയെ തുടർന്ന് ഉണ്ടായ അദ്ദേഹത്തിന്റെ നിര്യാണം കാരണം സഫലമായില്ല. തുടർന്ന് താമസിച്ചിരുന്ന വീട് തകർന്നുവീണതോടെ അമ്മയും രണ്ട് മക്കളും ദുരിതത്തിലായി. ഈ സാഹചര്യത്തിൽ പ്രദേശത്തെ രാഷ്ട്രീയ സ്വയംസേവക സംഘം പ്രവർത്തകർ കുടുംബത്തിന് പിന്തുണയായി രംഗത്തെത്തി. സുരക്ഷിതമായ ഒരു ഭവനം ഒരുക്കുന്നതിനായി സേവാഭാരതിയുമായി ആലോചിച്ച് ആവശ്യമായ നടപടികൾ കൈക്കൊണ്ടു. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, വരാന്ത, ശുചിമുറി എന്നിവയടങ്ങിയ ഭവന നിർമാണം വേഗത്തിൽ പൂർത്തിയാക്കി.

നിരവധി സജ്ജനങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ സത്കർമ്മത്തിന് പിന്നിലെന്നും, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിൽ ഗുണാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. സേവാഭാരതിയുടെ സമർപ്പിത പ്രവർത്തനങ്ങളും ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായഹസ്തവും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ചടങ്ങിന്റെ ഭാഗമായി വീട്ടുമുറ്റത്ത് ഫലവൃക്ഷത്തൈ നട്ട് സൗഹൃദത്തിന്റെ അടയാളമാക്കി.

അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ശിവ പ്രസാദ്, വാർഡ് മെമ്പർ വൈഷ്ണവി സി.എസ്., മൈത്രീ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ലക്ഷ്മീനാരായണൻ, സേവാഭാരതി അയ്മനം യൂണിറ്റ് സെക്രട്ടറി മഹേഷ് പി.കെ., ട്രഷറർ പി.എസ്. മുരളീധർ എന്നിവർ ആശംസകൾ നേർന്നു. പ്രശസ്ത കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി ഈശ്വര പ്രാർത്ഥന ആലപിച്ചു. കുടുംബനാഥ സുശീല ടി.കെ നന്ദി രേഖപ്പെടുത്തി.